HAIKU MALAYALAM മലയാളം ഹൈക്കു
മുനീർ അഗ്രഗാമിയുടെ മലയാളം ഹൈക്കുകൾ
Sunday, August 31, 2014
ഓണമൊരു പഞ്ചവർണ്ണക്കിളിയായ്
മഴ മെല്ലെ നടന്നുപോകും വഴി നോക്കി
ഓണമൊരു പഞ്ചവർണ്ണക്കിളിയായ്
കാട്ടുപൊന്തയിൽ വന്നിരിക്കുന്നു.
Tuesday, August 26, 2014
നഖക്ഷതങ്ങളുടെ നീറ്റലിൽ
നഖക്ഷതങ്ങളുടെ നീറ്റലിൽ
ഒരു പീഡനത്തിന്റെ കഥ!
മുള്ള് ചെടിയുടെ നഖങ്ങൾ.
Sunday, August 24, 2014
പൂത്തറ
ഓർമ്മയിൽ ചിങ്ങവെയിലേറ്റു
പൂവണിയുന്നു, മിഴിനീരിൽ
നനഞ്ഞുപോയ പൂത്തറ!
പ്രളയം ; പ്രണയം
നാം രണ്ടു ദ്വീപുകൾ!
നാം കൈകോർക്കുന്നു
പ്രളയം ; പ്രണയം
പാതിരാവിൽ
അണിഞ്ഞൊരുങ്ങി ചരിയോടെ
അനുഭവം മിഴിയെഴുതുന്നു
ഡയറിയിൽ പാതിരാവിൽ.
കുളിർ ചൂടിയ കാറ്റായ്
മഴയിതൾ തൊട്ടപ്പോൾ
കുളിർ ചൂടിയ കാറ്റായ്
ഒഴുകുന്നു കുട്ടികൾ
Friday, August 22, 2014
കൊറ്റികൾ
വറ്റിയ കുളത്തിൽ
മഴ പറന്നിറങ്ങുന്നതും
കാത്തിരിന്നു വറ്റുന്നു കൊറ്റികൾ
നിന്റെ വാക്കുകളിൽ നിന്നും
നിന്റെ വാക്കുകളിൽ നിന്നും
ഒഴുകിത്തുടങ്ങിയ പുഴ
എന്നെ കടലെലെത്തിക്കുന്നു
Thursday, August 21, 2014
പ്രിയ വെളിച്ചമേ
നിൻ വെളിച്ചത്തിലെന്നി -
രുൾ പോലും വെളുക്കു-
ന്നെൻ പ്രിയ വെളിച്ചമേ
മുല്ലകൾ
രാത്രിയിലേക്കെന്നെ
വിളിക്കുന്ന മുല്ലകൾ
വിണ്ണിലും മണ്ണിലും
നീ തെളിഞ്ഞ ആകാശം
മൂടിക്കെട്ടിയ ഓർമ്മയിൽ
തിരയുന്നിത്തിരി വെളിച്ചം കിട്ടാൻ
നീ തെളിഞ്ഞ ആകാശം!
വേഗത്തിൽ
കാറ്റുപോലും തോറ്റുപോകുന്ന വേഗത്തിൽ
നിന്നിൽ നിന്നെന്നെ
നോക്കുന്നൊരു പൂവ്
ഉള്ളിലെക്കടൽ
കണ്ണിലിറങ്ങിയവളേ
നീയെന്റെ ഉള്ളിലെക്കടൽ
തേവി വറ്റിക്കുന്നു
തല തിരിഞ്ഞ നിന്നെ
"തല തിരിഞ്ഞ നിന്നെ കാണെടാ കാണെ"ന്ന്
മുറ്റത്തു മഴവെള്ളം
കൊണ്ടുവെച്ച കണ്ണാടി
Tuesday, August 19, 2014
രാഗമവൾ
മേഘരാഗത്തിലെന്റെയനു-
രാഗമവൾ നോക്കിനില്ക്കുന്നു
സന്ധ്യയതു കണ്ടു ചിരിക്കുന്നു
ഒറ്റയാകുവതെങ്ങനെ?
ഒറ്റയാകുവതെങ്ങനെ?
കാറ്റു വന്നു തലോടുന്നു,
മരം കൈവിട്ട ഇലകളെ!
Monday, August 18, 2014
വലയിൽ
വലയുമായിപ്പോയവൻ
കടലിന്റെ വലയിൽ !
കര കരഞ്ഞു കടലാവുന്നു
മഴ പോകും വഴി
മഴ പോകും വഴി
വെയിലേറ്റു പിടഞ്ഞെന്റെ
മനസ്സു പെയ്യുന്നു
ഹാ !
ചുളിവു വീണ കയ്യിലെ
മഞ്ചാടിക്കുരുവിൽ
ചുവന്നു തുടുക്കുന്നു ബാല്യം
വാടുന്നു
ചിങ്ങവെയിൽ
മഴ തിരഞ്ഞു
മുഖം വാടുന്നു
നീയിരുളുന്നു
സ്വയം കത്തിത്തീർന്നിട്ടും
വെളിച്ചം കിട്ടിയില്ലെന്ന
പരാതിയിൽ നീയിരുളുന്നു
Sunday, August 17, 2014
.............................
ആകാശനീലിമയിൽ
ഉയരത്തിന്റെ
മയിൽപ്പീലികൾ
കടൽ നീലിമയിൽ
ആഴത്തിന്റെ
മയിൽപ്പീലികൾ
കാഴ്ചയുടെ
മയിലാട്ടം
അനുഭവം
നമുക്കു സ്വാതന്ത്ര്യം
ഒരു വർണ്ണത്തിലുള്ളോരുച്ചക്കഞ്ഞി
ഒരു ബെഞ്ചിലിരുന്നു കുടിച്ചതാണ്
പല വർണ്ണങ്ങളിൽ നമുക്കു
സ്വാതന്ത്ര്യം
ആഴം
സങ്കടത്തിന്റെ ആഴം
കുളത്തിന്റെ ആഴം അറിഞ്ഞതിനത്ര
ആരും അറിഞ്ഞിട്ടില്ല !
Thursday, August 14, 2014
മിന്നാമിനുങ്ങുകൾ
വഴി തെറ്റിയ രാത്രിയിൽ
വഴിയില്ലാത്ത വഴിയിൽ
വഴിവെളിച്ച വുമായി മിന്നാമിനുങ്ങുകൾ
പാരതന്ത്ര്യം!
സ്വാതന്ത്ര്യ ദിനത്തിൽ
കെട്ടിയിട്ട മൂവർണ്ണക്കൊടി പറയുന്നു,
പാരതന്ത്ര്യം!
സ്വാതന്ത്ര്യമഹാനദി
.............................
സ്നേഹമഴയിൽ
നിറഞ്ഞു കവിയുന്നു
സ്വാതന്ത്ര്യമഹാനദി
......................................
ഹാ ! സ്വാതന്ത്ര്യം
സ്കൂൾ മുറ്റത്ത്
പല വർണ്ണങ്ങൾ ശലഭങ്ങളായ്
ഹാ ! സ്വാതന്ത്ര്യം
Wednesday, August 13, 2014
പ്രണയമുണ്ടോ എന്നറിയില്ല
പ്രണയമുണ്ടോ എന്നറിയില്ല
കാറ്റ് കടലിനെ വിട്ടു പോകുന്നില്ല
കടലിളകി മറിയുന്നുണ്ട് !
ഉമ്മ
ഉമ്മയുടെ ഉമ്മ!
പകരം വെക്കാനില്ലാത്ത ഉമ്മ;
ഉണ്മയുടെ ഉമ്മയും ഉമ്മയുടെ ഉണ്മയും
Tuesday, August 12, 2014
ഉയരമറിയില്ല!
ആനന്ദത്തിന്റെ
ആഴം അനുഭവിക്കുന്ന
മീനിന് ഉയരമറിയില്ല!
Monday, August 11, 2014
മഴയെ കുറിച്ച് മൂന്നു ഹൈക്കുകൾ
ഒരു വരിയിലൊരു
മഹാകാവ്യം രചിക്കുന്നു
മഴയാം മഹാകവി
***
ഒരു തുള്ളിയിലൊരു
ജീവിതക്കടൽ തീർക്കുന്നു
മഴയാം മഹാശില്പി
***
ഒരു പെയ്ത്തിലൊരായിരമുമ്മകൾ
കൊടുത്തയക്കുന്നു
മഴയാം മധുരപ്പ്രണയിനി
***
ഇല്ലാമരത്തിലെ...
ഇല്ലാമരത്തിലെയില്ലാ കൊമ്പിൽ
പറന്നിരിക്കുന്നു ഞാനില്ലാചിറകുമായ്
ഉണ്ടെന്നൊരു തോന്നലിലേകനായ്!
Friday, August 8, 2014
കടലാസുതോണി
ബാല്യം തുഴഞ്ഞു പോയ
കടലാസുതോണിയിൽ
നമ്മുടെ മനസ്സിരിക്കെ
മഴവെള്ളം നമുക്കു മഹാസാഗരം!
മുല്ലപ്പൂവുകൾ
ഇരുട്ടിൽ ഇലകളൊളിപ്പിച്ച
മഹാപൂങ്കാവനം രാത്രി,
മുല്ലപ്പൂവുകൾ വിടരുന്നു
കുസൃതി മഴ
കളിക്കിടയിൽ
ഇറയത്ത് തട്ടിവീണ്
കരയുന്നു കുസൃതി മഴ
വറ്റുന്നു
കിണറു കാണാത്ത കുഞ്ഞുങ്ങൾ
കുപ്പി വെള്ളത്തിൻ
കുളിരു കുടിച്ചു വറ്റുന്നു .
Thursday, August 7, 2014
മിഴിയിൽ
വേദനാവേനലിലകരിയുമ്പോൾ
ഉരുകിയൊലിക്കുമെന്നാർദ്രത
യൊരു ഹിമാലയൻ നദിയായ്
മിഴിയിൽ പ്രളയമാകുന്നു
മിഴിയിൽ
വേദനാവേനലിലകരിയുമ്പോൾ
ഉരുകിയൊലിക്കുമെന്നാർദ്രത
യൊരു ഹിമാലയൻ നദിയായ്
മിഴിയിൽ പ്രളയമാകുന്നു
Wednesday, August 6, 2014
രാത്രി
നിശ്ശബ്ദതയുടെ മഹാസാഗരമാകുന്നു രാത്രി
മരത്തെയുപേക്ഷിച്ചു വന്നൊരില
മണ്ണിനുകൊടുത്ത ചുംബനമെനിക്കതു പറഞ്ഞു തന്നു
Friday, August 1, 2014
മയിലാട്ടം
കാണാതെ കാണുമ്പോൾ
കണ്ണുകളിൽ നിറഞ്ഞു തൂവുന്ന കടലിൽ
തിരകളായ് നമ്മുടെ മയിലാട്ടം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)