Thursday, July 31, 2014

നിശാവസ്ത്രം

മഴയിലലിഞ്ഞ  നിലാവിൽ
കാറ്റ് തുന്നുന്നു, തൂവെള്ള-
ക്കുളിർപ്പൂക്കളുള്ള നിശാവസ്ത്രം

ഓര്‍മ്മകളുടെ തുള്ളികള്‍

ഓര്‍മ്മകളുടെ തുള്ളികള്‍ 
പെയ്യുമ്പോള്‍ 
മനുഷ്യനും മഴയാവുന്നു

കൊടും വേനലാണ്

അടുത്തില്ലാത്തവരുടെ ഓർമ്മകൾ 
മഴക്കാലത്തും കൊടും വേനലാണ്.

Wednesday, July 30, 2014

പ്രണയം

പ്രണയം അർദ്ധനാരീശ്വരനാക്കുന്നു,
 കഴുത്തിൽ ചുറ്റിയ പാമ്പ്‌;
തൊണ്ടയിലെ കാളകൂടം

നീ പോയതിൽ പിന്നെ

നീ പോയതിൽ പിന്നെ,
ചുണ്ടിലെത്തും മുൻപേ
മരിച്ചു വീഴുന്നു ചുംബനങ്ങൾ.  

Thursday, July 24, 2014

കിളിക്കുഞ്ഞ്

കാത്തിരിക്കുന്നു  കിളിക്കുഞ്ഞ് 
കാറ്റുപോലെത്തുമമ്മയെ
കാറ്റിൽ വീണ മരത്തിൽ !

മീനുകൾ

ഏതോ വലയിലായി നമ്മെപ്പോൽ
മഴക്കുളിരിൽ പുഴ കടന്നു
വയലുകാണാൻ വന്ന മീനുകൾ.


Wednesday, July 23, 2014

കള്ളൻ പുഴ

മഴയ്ക്കൊപ്പം കൂടി കള്ളൻ പുഴ,
പറമ്പിൽ കയറി കൊണ്ടു പോകുന്നു 
കണ്ണിൽ കണ്ടതൊക്കെയും  !

Monday, July 21, 2014

മനസ്സിൽ

അശാന്തമായ  കടൽ
എന്റെ മനസ്സിൽ നിന്നും
മലവെള്ളം കാണുന്നു 

Thursday, July 17, 2014

മിഴി

ഏതു മഴയിലും
പെയ്യുമെൻ മിഴികളെ 
മഴ മാത്രമറിയുന്നു

നിഴലായിരുളെന്റെ.....

എന്നെ മൂടുമിരുളിൽ
വിരുന്നെത്തിയ വെളിച്ചമേ
നിഴലായിരുളെന്റെ പിന്നിൽ പതുങ്ങുന്നു .

പഞ്ഞക്കർക്കടകമേ !

പട്ടിണി കിടക്കേണ്ടെന്നു
വരിക്ക പ്ളാവുകൾ, പോ
പഞ്ഞക്കർക്കടകമേ ! 

വിരുന്നു കാരൻ

കറുപ്പിൽ കറുപ്പില്ലെന്നു
കടക്കണ് ണെറിയുന്നു
മാങ്കൊമ്പിലെ വിരുന്നു കാരൻ  

Wednesday, July 16, 2014

കർക്കടകം

ആരോടോ പിണങ്ങി
മുഖം വാടി മുടി കോതി
കരഞ്ഞെത്തി കർക്കടകം

സ്വപ്‌നങ്ങൾ

കടലും കാലവർഷവും 
കൈനീട്ടിയെടുക്കുന്നു
കരയിലെ  സ്വപ്‌നങ്ങൾ

മരുഭൂമി

മഞ്ഞൾ പൂശി ,
കുളിക്കുവാനൊരു
മഴ കാത്തിരിക്കുന്നു മരുഭൂമി.

കൂണുകൾ

ഇടി വെട്ടി ഞെട്ടി
പേടിച്ചെഴുന്നേറ്റു
കുടചൂടി മഴകാണുന്നു  കൂണുകൾ

ഓർമ്മ


.......................
വോട്ടു ചെയ്യാൻ ചെന്നപ്പോൾ
ഒന്നാം ക്ലാസ്സിൽ നിന്നും ഓടി വരുന്നുണ്ട്
കരച്ചിലുമായെന്നെ കരയിക്കാൻ!  

Tuesday, July 15, 2014

തീമഴ

തീമഴ  കൊള്ളുന്ന കുഞ്ഞുങ്ങൾ
മഴ കൊണ്ട നമ്മെ വിളിക്കുന്നു
ഗാസയിൽ കുളിർ തൂകുവാൻ !

Monday, July 14, 2014

പുൽക്കൊടിത്തുമ്പിലവൾ

ഇറ്റിവീഴാതെയിടവഴിയിൽ
എന്നെക്കാത്തു നില്ക്കുന്നു
പുൽക്കൊടിത്തുമ്പിലവൾ  

സൂര്യൻ

കറുപ്പിലൊളിച്ച വെളുപ്പു
തിരഞ്ഞു വരുന്നുണ്ട്
സ്കൂളിലെക്കൊരു സൂര്യൻ

'മഴ'

മനസ്സിലുള്ള 'മഴ'
വാക്കിൽ പെയ്തത്ര
വയലിൽ പെയ്തില്ല! 

വയലേ

മിഴിയും മഴയുമൊരേ താളത്തിൽ
നിന്നിലേക്കൊലിച്ചിറങ്ങുന്നു
 വയലേ നീ തരിശാകുമ്പോൾ 

Sunday, July 13, 2014

മഴ

വയലിൽ വീണു
ചെളി കുടിച്ച മഴയെ
മീനുകൾ തൊട്ടു നോക്കുന്നു 

തിര

നിന്നിൽ നിന്നിറ്റിയ  തുള്ളിയിൽ
ഞാനൊരു കടലായ് നിന്നിലേക്ക്‌
തിരയുമായ് വരുന്നു

Thursday, July 10, 2014

വളയാതെ

വടികുത്തി നടന്നിട്ടും
ചൂരലിന്റെ ഓർമ്മ
വളയാതെ കൂടെ നടക്കുന്നു.

പൂവു വിളിച്ചപ്പോൾ.

പുഞ്ചിരിത്തോണിയിൽ
മിഴിനീർപ്പുഴ കടന്നു
നാമൊരു പൂവു  വിളിച്ചപ്പോൾ.

പാടുകൾ

പടുത്തുയർത്തിയ
പടവുകളിൽ സ്വപ്നം-
 വീണു പൊട്ടിയ പാടുകൾ

ആഗ്രഹക്കിളികൾ

പുര നിറഞ്ഞിട്ടും
പുറത്തെത്താതെ
ആഗ്രഹക്കിളികൾ