Sunday, November 22, 2015

കടലിനെ കുറിച്ച് 10 ഹൈക്കുകൾ


കടലിനെ കുറിച്ച് 10 ഹൈക്കുകൾ
1.തിര
ജലരഥവുമായ് വെളളക്കുതിരകൾ
നീലപ്പരപ്പിൽ യുദ്ധ സന്നാഹം,
തിരകളുടെ മുന്നേറ്റം
2. കsലാൾ
ആഴത്തിന്നാഴത്തിലൊളിച്ച
സുന്ദരിമീനിന്നഴകിൽ
കടലാളുടെ മൂക്കുത്തി
3. അമ്മ
വീണു കിടന്നു പിടയ്ക്കും
മഴത്തുള്ളികളെയെടുത്തു മ്മവെച്ച്
നെഞ്ചോടു ചേർക്കുന്നു കടലമ്മ
4. സ്നേഹം
കാത്തിരുന്നവളുടെ ചാരെ
കരഞ്ഞെത്തിയ തിരയിൽ
ഒരു സ്നേഹമുത്തം
5. തോണിയിൽ
നിലാവേറ്റു തുഴയുന്നു
സ്വപ്നങ്ങൾ
ഒരു ദരിദ്ര മുക്കവൻ
6.ആനന്ദം
ആഴക്കടലിൽ
സൂര്യനെ കാണാതെ
ആനന്ദിക്കുന്നു മീനുകൾ
7. കിടപ്പ്
കവിതയിൽ കിടക്കുന്നു കടൽ
നിലാവു പുതയ്ക്കുന്നു
കാറ്റു താരാട്ടുന്നു
8 .ധൈര്യം
ചൂണ്ടലിൽ കൊത്താതെ
ചുണ്ടൽക്കാരനെ വിഴുങ്ങുന്നു
പെരുമീൻ ധൈര്യം
9. കളി
പുഴകളെല്ലാം
ഉള്ളിലെവിടെയോ
ഒളിച്ചുകളിക്കുന്നെന്നു കടൽ
10. ലൈറ്റ് ഹൗസ്
തിളച്ചുമറിയുമിരുട്ടിൽ
തിര മുറിച്ചൊരു നാവിക ൻ
ദൂരെ പ്രതീക്ഷയുടെ ചുവപ്പു താരകം
(Muneer agragaami)

Tuesday, January 27, 2015

മരുഭൂമിയിൽ
മഞ്ഞുപെയ്യുന്നു
നീ മുന്നിൽ!

Tuesday, January 13, 2015

കാറ്റു വന്നു  തിരയുന്നു
പൂത്തിരയിളക്കി
പൂമണ മൊളിച്ചിരിക്കുമിടം

തൂവലുകൾ

നിന്നസാന്നിദ്ധ്യമെന്നെ നോക്കുമ്പോൾ
നീ പൊഴിച്ചിട്ട തൂവലുകൾ
പാറുമോരോ നിശ്വാസത്തിലും

Monday, January 5, 2015

കടലിന്റെ താളുകൾ

തിരക്കവിത വായിക്കാൻ
കാറ്റു മറിച്ചുനോക്കുന്നു
കടലിന്റെ താളുകൾ!